വിഷു കേരളീയരുടെ ഉത്സവമാണ്. മലയാളമാസം മേടം ഒന്നാം തീയതിയാണ് വിഷു ആഘോഷിക്കുന്നത്. സൂര്യൻ മീനം രാശിയിൽ നിന്ന് മേടം രാശിയിൽ പ്രവേശിക്കുന്നതിനെ വിഷു സംക്രാന്തി എന്ന് പറയുന്നു. വിഷു, മലയാളിയുടെ പുതുവർഷത്തിന് തുടക്കം കുറിക്കുന്ന സുദിനമാണ്.

വർഷം മുഴുവൻ നന്മയും സ്നേഹവും സന്തോഷവും ഐശ്വര്യവും സമൃദ്ധിയും ദൈവാനുഗ്രഹവും നിലനിൽക്കാനായി, ഈ പുലരിയിൽ മലയാളികൾ ആദ്യമായി ദർശിക്കുന്നത് ഐശ്വര്യ സമ്പൂർണ്ണമായ വിഷുക്കണിയാണ്.

വിഷുവിനെക്കുറിച്ച് ഓർക്കുമ്പോൾ കണിക്കൊന്നയും കണിക്കൊന്ന കാണുമ്പോൾ വിഷുവും ഓർക്കാത്ത മലയാളികൾ വിരളമായിരിക്കും.
അതിമനോഹരമായ ഈ പുഷ്പം കണിക്കൊന്ന, കേരളത്തിന്റെ സംസ്ഥാനപുഷ്പം, വിഷുക്കാലത്തിന്റെയും ഐശ്വര്യത്തിന്റെയും പ്രതീകമാണ്

വിഷുക്കണി

ഉറക്കം ഉണർന്ന് ആദ്യമായി കാണുന്നത് എന്താണോ അതാണ് കണി. പുതുവർഷത്തിന്റെ ആദ്യദിനം കണി വിശേഷമാകണമല്ലോ!

കണിക്കൊന്നപ്പൂക്കൾ, കണിവെള്ളരി, രണ്ടായി മുറിച്ച നാളികേരം, ഗ്രന്ഥം (സാധാരണയായി രാമായണം), അരി, പഴവർഗങ്ങൾ, നാണയങ്ങൾ, സ്വർണം, വെറ്റില, അടയ്ക്ക, വാൽക്കണ്ണാടി, കസവ് വസ്ത്രം, എന്നിവ ഭംഗിയായി ഉരുളിയിൽ ഒരുക്കി വെയ്ക്കുന്നു. അതിനടുത്ത് ശ്രീകൃഷ്ണ വിഗ്രഹം, വെള്ളം നിറച്ച കിണ്ടി എന്നിവയും ഉണ്ടാവണം. വിളക്ക് കൊളുത്തി ചന്ദനത്തിരിയും കത്തിച്ചാൽ വിഷുക്കണി ഒരുക്കം പൂർത്തിയായി. അടുത്ത ദിവസം പുലരുന്നതു വരെ കെടാതിരിയ്ക്കാൻ, വിളക്കിൽ ആവശ്യത്തിന് എണ്ണയും തിരിയും ഉണ്ടെന്ന് ഉറപ്പ് വരുത്തിയാൽ, അടുത്ത ദിവസം ആദ്യം ഉണരുന്നവർക്ക് കൊളുത്തിയ വിളക്കോടെ കണികാണാം.

വിഷുത്തലേന്ന് രാത്രി വിഷുക്കണി ഒരുക്കി വെയ്ക്കുന്നു.

കണികാണൽ

വിഷു ദിനത്തിലെ ഏറ്റവും പ്രഥമവും പ്രധാനവുമായ ഒരു ഘടകമാണ് കണികാണൽ. ഓർക്കുക, വിഷുപ്പുലരി പുതുവർഷപ്പുലരികൂടിയാണ്.

വീട്ടിലെ മുതിർന്ന അംഗം ആദ്യം ഉണർന്ന് കണി കണ്ടതിന് ശേഷം ഓരോരുത്തരെയായി കണി കാണാൻ ഉണർത്തുന്നു. കണ്ണടച്ച് പിടിച്ച്, വിഷുക്കണിയുടെ മുന്നിലേക്ക് ഓരോരുത്തരെയായി കൊണ്ട് വന്ന് ഇരുത്തുന്നു. വിഷുക്കണിയുടെ മുന്നിൽ ഇരുന്നതിന് ശേഷം മാത്രമേ കണ്ണ് തുറക്കാവൂ.

മനോഹരമായ വിഷുക്കണിയോടൊപ്പം സ്വന്തം പ്രതിബിംബവും വാൽക്കണ്ണാടിയിൽ തെളിഞ്ഞു കാണാം. വിഷുക്കണി വളരെ സുന്ദരവും സന്തോഷപ്രദവുമായ ഒരു അനുഭൂതിയാണ്.

വീട്ടിലെ അംഗങ്ങളെല്ലാം കണി കണ്ട് കഴിഞ്ഞാൽ വളർത്തുമൃഗങ്ങളെ കണി കാണിക്കുന്നു.ഇതിനായി, കണി ഒരുക്കിയ ഉരുളിയും കൊളുത്തിയ വിളക്കും എടുത്ത്, വളർത്തുമൃഗങ്ങളുടെ മുന്നിൽ കൊണ്ടു പോയി കാണിക്കുന്നു.

വിഷുക്കൈനീട്ടം

കണി കണ്ട് കഴിഞ്ഞാൽ പിന്നെ കൈനീട്ടത്തിനുള്ള സമയമായി. കുടുംബത്തിലെ മുതിർന്ന അംഗങ്ങൾ തന്റെ ഇളയവർക്ക് ആശീർവാദത്തിന്റെ രൂപത്തിൽ പണമോ സ്വർണനാണയമോ നൽകുന്ന സമ്പ്രദായമാണ് വിഷുക്കൈനീട്ടം.

കൈനീട്ടം

ഏറ്റവും മുതിർന്ന അംഗം ആദ്യം എല്ലാവർക്കും കൈനീട്ടം നൽകുന്നു. അതിന് ശേഷം മറ്റുള്ളവർക്ക് യഥാശക്തി കൈനീട്ടം കൊടുക്കുകയോ സ്വീകരിക്കുകയോ ചെയ്യുന്നു.

പടക്കം

ഉത്തരേന്ത്യയിൽ ദീപാവലിക്കാണ് പടക്കം പൊട്ടിക്കുന്ന പതിവ് എങ്കിൽ, കേരളീയർ വിഷുവിനാണ് പടക്കം പൊട്ടിക്കാറുള്ളത്. വിഷുക്കണി കണ്ട്, കൈനീട്ടവും കിട്ടിക്കഴിഞ്ഞാൽ, പടക്കം പൊട്ടിക്കാനുള്ള നേരമായി.

കാഴ്ചയ്ക്ക് കൗതുകവും ഭംഗിയും ഉള്ളതും ശബ്ദകോലാഹലങ്ങളില്ലാത്തതുമായ പൂത്തിരി,കമ്പിത്തിരി, ചക്രം, എന്നിവ കുട്ടികൾക്ക് പ്രിയങ്കരമാണെങ്കിൽ ശബ്ദവും നിറപ്പകിട്ടും, പല വിധത്തിലും തരത്തിലും ഉള്ളതുമായ പടക്കങ്ങൾ മുതിർന്നവരുടെയും കുട്ടികളുടെയും ആവേശമാണ്.

വിഷു വിഭവങ്ങൾ

വിഭവസമൃദ്ധമായ സദ്യ കേരളീയരുടെ ഉത്സവാഘോഷങ്ങളുടെ പ്രത്യേകതയാണ്.

സദ്യ

സാമ്പാർ, അവിയൽ, എരിശ്ശേരി, കാളൻ, ഓലൻ, പച്ചടി, ഇഞ്ചിപ്പുളി, പപ്പടം, തോരൻ, തുടങ്ങിയ രുചികരമായ കറികളും, വിവിധ തരം പായസവും അടങ്ങുന്ന ഉച്ചയൂണ് കേരളീയ ആഘോഷത്തിന്റെ തനിമയാണ്. ഇതിന് പുറമെ വിഷുക്കഞ്ഞി, വിഷുക്കട്ട എന്നീ വിഭവങ്ങൾ പ്രത്യേകിച്ച് വിഷുവുമായി ബന്ധപ്പെട്ടവയാണ്.

വിഷു ഫലം

വിഷു പുതുവർഷാരംഭമാണല്ലോ. വരും വർഷത്തിൽ സംഭവിക്കാനുള്ള കാര്യങ്ങൾ ജ്യോതിഷം അടിസ്ഥാനമാക്കി ഗണിച്ച് വിവരിക്കുന്നതാണ് വിഷു ഫല പ്രവചനം. ഓരോ നക്ഷത്രക്കാരുടെയും അടുത്ത ഒരു വർഷത്തെ ഫലം അറിയാവുന്നതാണ്.

വേലകൾ പൂരങ്ങൾ

വിഷുക്കാലം സമൂഹതലത്തിലുള്ള ഉത്സവാഘോഷങ്ങളുടെയും കാലമാണ്. വിഷുവിന് മുമ്പും ശേഷവുമായി കേരളത്തിലുടനീളം ചെറുതും വലുതുമായ നിരവധി വേലകളും പൂരങ്ങളും ആഘോഷിക്കപ്പെടുന്നു. അമ്പലങ്ങളും പ്രദേശങ്ങളും കേന്ദ്രീകരിച്ചാണ് വേലകളും പൂരങ്ങളും നടത്തപ്പെടുന്നത്.

പൂരം

ചെണ്ടമേളത്തിനും ആനക്കാഴ്ചകൾക്കും വെടിക്കെട്ടിനും പേരുകേട്ട തൃശൂർ പൂരത്തിന് പുറമെ ഓരോ ദേശവും തദ്ദേശത്തെ ദേവീദേവന്മാരുടെ വേലകളും പൂരങ്ങളും കൊണ്ടാടുന്നു.

നെറ്റിപ്പട്ടം കെട്ടിയ ആന

സംഗീത നൃത്ത പരിപാടികൾ, ഘോഷയാത്ര, വാദ്യഘോഷങ്ങൾ, നെറ്റിപ്പട്ടം കെട്ടിയ ആനകൾ, രാത്രി നടക്കുന്ന വെടിക്കെട്ട് എന്നിവ എല്ലാ വേലകളുടെയും പൂരങ്ങളുടെയും പൊലിമയാണ്. ഇത് കൂടാതെ പ്രാദേശികമായി നടത്തി വരുന്ന ആചാരങ്ങളും ഉപചാരങ്ങളും അതാത് പ്രദേശത്തെ ആഘോഷത്തിന്റെ തനിമയായി കാണാം.

സമാന ഉത്സവങ്ങൾ

മഹാരാഷ്ട്രീയരുടെ പുതുവർഷാഘോഷം

ഏപ്രിൽ പതിനാല്, പതിനഞ്ച് തിയ്യതികളിൽ പുതുവർഷം ആഘോഷിക്കുന്നത് കേരളത്തിൽ മാത്രമല്ല എന്നത് ഒരു ശ്രദ്ധേയമായ വസ്തുതയാണ്. തമിഴ്നാട്, ആസാം, പഞ്ചാബ്, ബംഗാൾ, ഒഡീഷ, മണിപ്പൂർ, ഇങ്ങനെ ഇന്ത്യയിലെ പല സംസ്ഥാനങ്ങളും ഈ ദിവസങ്ങളിൽ പുതുവർഷപ്പിറവി ആഘോഷിക്കുന്നു. എന്നാൽ കർണാടക, ആന്ധ്രപ്രദേശ്, തെലങ്കാന, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളിൽ പുതുവർഷപ്പിറവി ഏതാനും ആഴ്ചകൾക്ക് മുമ്പ് മാത്രമാണ് കഴിഞ്ഞിരിക്കുക.

ആശംസകൾ

എല്ലാവർക്കും വിഷു ആശംസകൾ

പുതുവർഷം സന്തോഷവും സമാധാനവും സ്നേഹവും ഐശ്വര്യവും നിറഞ്ഞതാകട്ടെ!!!

2 Comments

Leave a Comment