“ഭാരതമെന്ന പേർ കേട്ടാൽ അഭിമാന

പൂരിതമാകണം അന്തരംഗം

കേരളമെന്നു കേട്ടാലോ തിളയ്ക്കണം

ചോര നമുക്കു ഞരമ്പുകളിൽ”

മഹാകവി വള്ളത്തോൾ നാരായണമേനോന്റെ അതിപ്രശസ്തമായ ഈ വരികൾ കേരളമനസ്സിനെ തുറന്നുകാട്ടുന്നു.

മലയാളഭാഷ സംസാരിക്കുന്നവരുടെ നാടാണ് കേരളം. 1956 നവംബർ ഒന്നിനാണ് കേരള സംസ്ഥാനം രൂപീകൃതമായത്. എല്ലാ വർഷവും നവംബർ ഒന്ന് കേരളപ്പിറവിയായി ആഘോഷിക്കുന്നു.

തലസ്ഥാന നഗരമായ തിരുവനന്തപുരം ഉൾപ്പെടെ കേരളത്തിൽ 14 ജില്ലകൾ ഉണ്ട്.

1. തിരുവനന്തപുരം

2. കൊല്ലം

3. പത്തനംതിട്ട

4. കോട്ടയം

5. ആലപ്പുഴ

6. ഇടുക്കി

7. എറണാകുളം

8. തൃശൂർ

9. പാലക്കാട്

10. മലപ്പുറം

11. കോഴിക്കോട്

12. വയനാട്

13. കണ്ണൂർ

14. കാസർകോട്

 കേരള സംസ്ഥാനത്തിന്റെ  ഔദ്യോഗിക വൃക്ഷം തെങ്ങും, പുഷ്പം കണിക്കൊന്നയും, പക്ഷി വേഴാമ്പലും, മൃഗം ആനയും, ഫലം ചക്കപ്പഴവും ആണ്.

മനോഹരമായ ഭൂപ്രകൃതി മാത്രമല്ല കലാ കായിക സാഹിത്യ സംഗീത രംഗത്തും വ്യാപാര വ്യവസായ രംഗത്തും ഉത്സവ ആഘോഷങ്ങൾക്കും ആഗോള തലത്തിൽ പ്രസിദ്ധമാണ് കേരളം.

കേരളത്തിന്റെ തനതായ ആയോധന വിദ്യ കളരിപ്പയറ്റ് കൂടാതെ, കഥകളി, തെയ്യം, മോഹിനിയാട്ടം, ഓട്ടൻതുള്ളൽ തുടങ്ങിയ കലാരൂപങ്ങളും ഓണം, വള്ളംകളി, തൃശൂർ പൂരം എന്നീ ഉത്സവാഘോഷങ്ങളും ശബരിമല പോലെയുള്ള തീർത്ഥാടന കേന്ദ്രങ്ങളും കേരളത്തിന് തന്റേതായ സ്ഥാനം നേടിക്കൊടുത്തു. ഏലക്കായ, കുരുമുളക്, മഞ്ഞൾ, തേയില, നാളികേരം, വെളിച്ചെണ്ണ, കയറുൽപ്പന്നങ്ങൾ എന്നിവയ്ക്ക് കേരളം വളരെ പ്രസിദ്ധമാണ്. രാജാ രവിവർമ്മ, സ്വാതിതിരുനാൾ, പി.ടി.ഉഷ, അഞ്ജു ബോബി ജോർജ്, ശശി തരൂർ, കെ. ജെ. യേശുദാസ്, തുടങ്ങിയവർ പ്രശസ്തരായ മലയാളികളിൽ ചുരുക്കം ചിലരാണ്.

കോവളം, മുന്നാർ, ആലപ്പുഴ, തേക്കടി, എന്നിങ്ങനെ വിനോദസഞ്ചാരത്തിനു പേരുകേട്ട സ്ഥലങ്ങൾ ഏറെയാണ്. ആയുർവേദ ചികിത്സയ്ക്കായി ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് നിരവധി ആളുകൾ സ്ഥിരമായി കേരളം സന്ദർശിക്കുന്നുണ്ട്.

ഭാരതപ്പുഴ, പെരിയാർ,നെയ്യാർ, പമ്പ, കബനി എന്നീ പുഴകളും പശ്ചിമഘട്ട മലനിരകളും അറബിക്കടലും കായലുകളും കേരളത്തിന്റെ ഭൂപ്രകൃതിയെ വശ്യ മനോഹരമാക്കുന്നു.

കേരളപ്പിറവിയുടെ സുദിനത്തിൽ എല്ലാവർക്കും നന്മയും സ്നേഹവും സന്തോഷവും സമാധാനവും ആരോഗ്യവും നേരുന്നു

Leave a Comment